Articles

കൊറോണ അഥവാ കോവിഡ്–19

by Dr. Presoon Kuruvilla | 19 Mar 2020

വൈറസ് ബാധിച്ച വ്യക്തി ചുമയ്ക്കുമ്പോഴൊ ശ്വസിക്കുമ്പോഴോ പുറത്തുവിടുന്ന സ്രവങ്ങൾ ശ്വസിക്കുന്നതിലൂടെ ആരോഗ്യമുള്ള വ്യക്തിയിലേക്ക് അണുബാധ പടരും. ഇവ ചുറ്റുമുള്ള പ്രതലങ്ങളിൽ പതിക്കുകയും മറ്റൊരാൾ  ഈ പ്രതലങ്ങളിൽ സ്പർശിച്ചതിനു ശേഷം സ്വന്തം മൂക്ക്, കണ്ണുകൾ അല്ലെങ്കിൽ ചെവികൾ സ്പവർശിക്കുമ്പോൾ അണുബാധ പകരാം. വായുവിലൂടെയല്ലാതെ ശ്വസന സ്രവങ്ങളിലൂടെയും അവയുടെ സമ്പർക്കത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നത്.

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ തരം കൊറോണ വൈറസ് മൂലമുണ്ടാകു ന്ന ശ്വാസകോശ സംബന്ധമായ അസുഖമാണ് കോവിഡ്–19.വൈറസിനെ തുടക്കത്തിൽ നോവൽ കൊറോണ വൈറസ് എന്നാണ് വിളിച്ചിരുന്നത്. രോഗത്തിന്റെ പേര് പിന്നീട് വൈറസ് രോഗം 2019 (കോവിഡ്–19 എന്നാക്കി മാറ്റി.

വൈറസ് ബാധിച്ചതിനു ശേഷം 14 ദിവസത്തിനുള്ളിൽ മിക്കവരിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. പനി. ചുമ, ശ്വാസംമുട്ലൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഇൻഫ്ലുവൻസ പോലുള്ള സാധാരണ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്ന് വ്യത്യസ്തമല്ല.

വൈറസിൽ നിന്ന് സ്വയരക്ഷയ്ക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും?

താഴെ പറയുന്ന ലളിതമായ കാര്യങ്ങൾ അനുവർത്തിക്കുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ പതിവായി വൃത്തിയാക്കുക ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് റബ്ബും ഇതിനായി ഉപയോഗിക്കാം.

വൃത്തിഹീനമായ കൈകളാൽ നിങ്ങളുടെ കണ്ണ് മൂക്ക്, ചെവി, വായ് എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക.

ചുമയോ തുമ്മലോ ഉള്ള ആളുമായി ഒരു മീറ്റർ ദൂരം പാലിക്കുക.
ശ്വസന ശുചിത്വം പാലിക്കുക. നിങ്ങൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ടിഷ്യു അല്ലെങ്കിൽ കൈമുട്ട് ഉപയോഗിച്ച് മൂക്കും വായും മൂടുക

കൊറോണ ചികിത്സിക്കുവാൻ കഴിയാത്ത ഒരു രോഗമാണോ?

വൈറസിനെതിരെ നിർദ്ദിഷ്ഠ ആന്റി വൈറൽ മരുന്നുകളൊന്നും ഇപ്പോൾ നിലവിലില്ല എന്നത് ശരിയാണ്. എന്നിരുന്നാലും ചികിത്സയൊന്നുമില്ലെന്ന് ഇതിനർത്ഥമില്ല. രോഗബാധിതരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കനുസൃത മായി ആധുനിക രീതികളിലുള്ള ചികിത്സ നൽകാൻ കഴിയൂം.

കൊറോണയുടെ ചികിത്സയ്ക്ക് ആന്റിബയോട്ടുകൾ സഹായിക്കുമോ?

ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കുന്നത് ബാക്ടീരിയയ്ക്കെതിരെയാണ്. കൊറോണ പോലുള്ള വൈറസുകൾക്കെതിരെയല്ല. എന്നിരുന്നാലും ചില കൊറോണ വൈറസ് രോഗികൾക്ക് ബാക്ടീരിയമൂലമുള്ള രോഗങ്ങൾ ബാധിക്കാം. ഈ രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ പ്രയോജനപ്പെടാം.

ആയുർവേദ, ഹോമിയോ മരുന്നുകളാൽ കൊറോണ ചികിത്സിക്കാൻ സാധിക്കുമോ?

കൊറോണക്കായി (കോവിഡ് 19) പ്രത്യേക മരുന്നുകൾ നിലവിൽ ലഭ്യമല്ല. അവകാശവാദങ്ങൾക്ക് യാതൊരു തെളിവുകളും ഇല്ല. അതിനാൽ തെറ്റിദ്ധാരണയ്ക്ക് പുറകെ പോകാതെ വിവേകത്തോടെ പെരുമാറുക

ഞാൻ മാസ്ക് ധരിക്കണോ?

നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ (മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ) അല്ലെങ്കിൽ നിങ്ങൾ ഒരു രോഗിയെ പരിചരിക്കുകയാണെങ്കിൽ നിർബ്ബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. രോഗബാധിതരായ വ്യക്തികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് (ഡോക്ടർമാർ, നഴ്സുമാർ, രോഗികളെ പരിചരിക്കുന്ന മറ്റുള്ളവർ) മാസ്കുകൾ അത്യന്താപേക്ഷിതമാണ്. രോഗികളെ പരിചരിക്കുമ്പോൾ എൻ 95 മാസ്ക് ഉപയോഗിക്കണം. എന്നാൽ പരിഭ്രാന്തിയുടെപേരിൽ മാസ്കുകൾ ദുരുപയോഗം ചെയ്യുന്നത് ആവശ്യഘട്ടങ്ങളിൽ അവയുടെ ക്ഷാമത്തിനിടയാക്കും. ആശങ്ക വേണ്ട, എന്നാൽ ജാഗരൂകരായിരിക്കുക

മത്സ്യവും മാംസവും കഴിക്കുന്നത് സുരക്ഷിതമാണോ?

അതെ. മത്സ്യമോ മാംസമോ കഴിക്കുന്നത് കോവിഡ്–19–ലേക്ക് നയിക്കുമെന്നതിന് തെളിവുകളൊന്നുമില്ല. എന്നിരുന്നാലും മത്സ്യവും മാംസവും കൈകാര്യം ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും നിങ്ങൾ ശുചിത്വരീതികൾ പാലിക്കുവാൻ ശ്രദ്ധിക്കുക.

വളർത്തുമൃഗങ്ങളിൽ നിന്ന് രോഗം പടരുമോ?

ഇല്ല, നായ്ക്കളെയോ പൂച്ചകളെയോ പോലുള്ള വളർത്തു മൃഗങ്ങളിൽ നിന്ന് അണുവാധ് വ്യാപിച്ചതായി തെളിവുകളൊന്നുമില്ല. എന്നിരുന്നാലും നിങ്ങളുടെ വളർത്തു മൃഗത്തെ സ്പർശിച്ചതിനു ശേഷം കൈകൾ അണുവിമുക്തമാക്കുന്നത് ശീലമാക്കുക.

കൊറോണക്കായി (കോവിഡ് 19) ഫലപ്രദമായ വാക്സിനുകൾ ഇപ്പോൾ ലഭ്യമാണോ?

ഇതുവരെയില്ല. ലോകമെമ്പാടുമുള്ള ഗവേഷകർ വൈറസിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിന് അക്ഷീണം പരിശ്രമിക്കുന്നു. സാധ്യമായ വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാണ്. അതുവരെ മുകളിൽ പറഞ്ഞ ചികിത്സാരീതികളിലൂടെ നിങ്ങളെ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കും.

ഇപ്പോൾ വിദേശയാത്ര ചെയ്യാൻ സാധിക്കുമോ?

രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര വൈകിപ്പിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും നിങ്ങൾക്ക് ഏതെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ ഒഴിവാകാനാകാത്ത യാത്രയുടെ കാര്യത്തിൽ മുകളിൽ സൂചിപ്പിച്ച ശുചിത്വ രീതികൾ നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. രോഗബാധിത രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുമ്പോൾ നിങ്ങളെ ചിലപ്പോൾ ഐസോലേഷനിലേക്ക് മാറ്റിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ മാർഗ്ഗനിർദ്ദേശങ്ങൾ അതേപടി പാലിക്കുക.

ശ്രദ്ധിക്കുക!

ചൈന, റഷ്യ, ജപ്പാൻ, തായ്്ലന്റ്, ഇറ്റലി, ഗൾഫ് രാജ്യങ്ങളിൽ (ജിസിസി) നിന്നും വന്നിട്ടുള്ള ആളുകൾക്ക് ചുമ, ജലദോഷം, തുമ്മൽ, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുകയോ രോഗം ഉണ്ടെന്ന സംശയം തോന്നിക്കുകയോ ചെയ്താൽ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുക. അവരുടെ നിർദ്ദേശപ്രകാരം മാത്രം പ്രവർത്തിക്കുക. കഴിവതും പൊതുചടങ്ങുകൾ, ആശുപത്രിയിലെ രോഗീസന്ദർശനം, മറ്റുള്ളവരുമായുള്ള ഇടപെഴകൽ തുടങ്ങിയവ ഒഴിവാക്കുക.

സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക

സഹായം, സംശയനിവാരണം – 0471 2552056
ടോൾ ഫ്രീ  – 1056
കൊറോണ സെൽ, കോട്ടയം – 0481 2581900
ഡിഎംഒ ഓഫീസ്, കോട്ടയം – 0481 2304800
പിആർഒ, മെഡിക്കൽ കോളജ്, കോട്ടയം – 70262 12233
സ്റ്റേറ്റ് സെൽ – 0471 2309250
                    – 0471 2309251
സ്റ്റേറ്റ് ലെവൽ പിആർഒ–സജികുമാർ പിഎം – 81138 80815In the spotlight

Read more Articles