Articles

കൊറോണ കാലം: ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

by Dr. Uma Radhesh | 31 Mar 2020

പൊതുവെ ജാഗ്രത എല്ലാവരും പാലിക്കേണ്ട കാലമാണ് നിലവിലുള്ളത്. സ്വാഭാവികമായും ഗര്‍ഭിണികള്‍ കുറച്ചുകൂടി അധിക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൊറോണ അഥവാ കോവിഡ് 19 രോഗാണു ശരീരത്തെ സ്പര്‍ശിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പറയേണ്ടതില്ലല്ലോ.

ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുമോ?

ഗര്‍ഭസ്ഥ ശിശുവില്‍ കൊറോണ വൈറസ് സ്വാധീനം ചെലുത്തുമോ എന്ന സംശയമാണ് പ്രധാനമായും ഗര്‍ഭിണികള്‍ക്കുണ്ടാകുന്നത്. നിലവില്‍ അമ്‌നിയോട്ടിക് ഫ്‌ളൂയിഡ്, പൊക്കിള്‍കൊടിയിലെ രക്തം, നവജാത ശിശുവിന്റെ തൊണ്ടയില്‍ നിന്നുള്ള ശ്രവം എന്നിവ പരിശോധിച്ചതില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു എന്ന റിപ്പോര്‍ട്ട് ലോകത്തെവിടെയും പുറത്തുവന്നതായി അറിവില്ല. അതുകൊണ്ട് തന്നെ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുനുള്ള സാധ്യത കുറവാണെന്ന് അനുമാനിക്കാം. എന്നാല്‍ രോഗവ്യാപനം ഇതുവരെ പൂര്‍ണ്ണമായി നിയന്ത്രിച്ച് നിര്‍ത്തപ്പെട്ടിട്ടില്ലാത്തതിനാലും, വളരെ വേഗം പടര്‍ന്ന് കൊണ്ടിരിക്കുന്നതിനാലും ഈ നിഗമനത്തില്‍ ചിലപ്പോള്‍ മാറ്റങ്ങളുണ്ടായേക്കാം.

അബോര്‍ഷനോ, അംഗവൈകല്യത്തിനോ ഉള്ള സാധ്യത?

മുകളില്‍ പറഞ്ഞത് പോലെ കൊറോണ ബാധിച്ച യുവതികളില്‍ അബോര്‍ഷന്‍ സംഭവിക്കുന്നതായോ, ജനിക്കുന്ന കുഞ്ഞുങ്ങളില്‍ കൊറോണയുടെ ഭാഗമായുള്ള വൈകല്യങ്ങള്‍ കാണപ്പെടുന്നതായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അപൂര്‍വ്വമായി നവജാത ശിശുക്കളില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. നിലവില്‍ അബോര്‍ഷനും അംഗവൈകല്യത്തിനും സാധ്യതകളൊന്നും തന്നെ ഇല്ലെങ്കിലും ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ബാധിച്ചേക്കുമോ എന്നത് കാത്തിരുന്ന് അറിയേണ്ടതാണ്. ഏതായാലും ഈ കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് അനാവശ്യമായ ഉത്കണ്ഠയോ, ആകാംക്ഷയോ, ആധിയോ ആവശ്യമില്ല. 

മുലപ്പാല്‍ വഴി അസുഖം പകരുമോ?

ചൈനയില്‍ നടത്തിയ പഠനങ്ങളില്‍ മുലപ്പാലില്‍ കോവിഡ് അണുബാധ നെഗറ്റീവായാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതായത് മുലപ്പാലിലൂടെ അസുഖം പകരാനുള്ള സാധ്യത താരതമ്യേന കുറവാണെന്നര്‍ത്ഥം. എന്നാല്‍ കൂടുതല്‍ വിശദമായ പഠനങ്ങളും മറ്റും നടന്നുകൊണ്ടിരിക്കുകയാണ് ഇത്തരം പഠനങ്ങളുടെ റിസല്‍ട്ട് കൂടി പഠിച്ചശേഷമേ കൃത്യമായ നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. എങ്കിലും നിലവിലെ സ്ഥിതിയില്‍ മുലപ്പാല്‍ വഴി അസുഖം പകരാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. 

ഗര്‍ഭിണികള്‍ക്ക് അസുഖം ബാധിച്ചാല്‍ കൂടുതല്‍ ഗുരുതരമാകുമോ?

കൊറോണ വൈറസ് മൂലമുണ്ടാകുന്ന അസുഖത്തിന്റെ മരണനിരക്ക് പൊതുവെ കുറവാണ്. എന്നാല്‍ അസുഖത്തിന്റെ വ്യാപന നിരക്കാകട്ടെ വളരെ അധികവുമാണ്. ലോകവ്യാപകമായി കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് കാരണം ഈ അസുഖത്തിന്റെ നിയന്ത്രിക്കാന്‍ സാധിക്കാത്ത വ്യാപനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ലോകമെങ്ങും അസുഖബാധിതരായിരിക്കുന്നത്. 

ഗര്‍ഭിണികളുടെ ശാരീരികമായ ആരോഗ്യം പൊതുവെ ദുര്‍ബലമായിരിക്കുമെന്നതിനാല്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന പ്രത്യേക ശ്രദ്ധയും പരിചരണവും ഗര്‍ഭിണികള്‍ക്കും നല്‍കേണ്ടതാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യാത്ര ചെയ്യാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അക്ഷരം പ്രതി അനുസരിക്കുക ഒപ്പം വ്യക്തി ശുചിത്വം, സാമൂഹ്യ അകലം എന്നിവ നിര്‍ബന്ധമായും പാലിക്കുക.

വിദേശ രാജ്യങ്ങളില്‍ നിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ വന്നവര്‍ ആരോഗ്യവകുപ്പിനേയും നിലവില്‍ ചികിത്സിക്കുന്ന ഡോക്ടറെയും അറിയിച്ച സേഷം ഹോം ക്വാറന്റൈനില്‍ തുടരുക.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് സാധ്യതയുള്ള സമയമായതിനാല്‍ ഹോം ക്വാറന്റൈനിലോ ഐസലേഷനിലോ കഴിയുന്ന ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കണം. മാനസിക സമ്മര്‍ദ്ദമോ, നിരാശയോ ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം.

ആശുപത്രി സന്ദര്‍ശിക്കേണ്ടി വരികയാണെങ്കില്‍ ഡോക്ടറെ നേരത്തെ അറിയിക്കുക. 

സന്ദര്‍ശകരെ അനുവദിക്കരുത്.

അമ്മയ്ക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ കുഞ്ഞിനേയും അമ്മയേയും ഒരുമിച്ച് കിടത്തരുത്. സ്രവ പരിശോധനയില്‍ രോഗബാധയില്ല എന്ന് ഉറപ്പിച്ച ശേഷം മാത്രമേ അമ്മയും കുഞ്ഞും തമ്മില്‍ സമ്പര്‍ക്കത്തില്‍ വരാന്‍ പാടുള്ളൂ.

അസുഖബാധ സ്ഥിരീകരിക്കാത്തവരാണെങ്കിലും കുഞ്ഞിനെ സ്പര്‍ശിക്കുന്നതിന് മുന്‍പ് കൈകള്‍ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കഴിയുന്നതും മുലപ്പാല്‍ കൊടുക്കാന്‍ ബ്രസ്റ്റ് പമ്പോ, കുപ്പിയോ ഉപയോഗിക്കുക.

ഉപയോഗിച്ച ശേഷം ബ്രസ്റ്റ് പമ്പ്/കുപ്പി അണുവിമുക്തമാക്കിയെന്ന് ഉറപ്പ് വരുത്തുക

മുലപ്പാല്‍ കൊടുക്കുന്ന സമയത്ത് തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.

മുലപ്പാല്‍ കൊടുക്കുന്ന സമയത്തും അല്ലാത്തപ്പോഴും ഫെയ്‌സ് മാസ്‌ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.



In the spotlight

Read more Articles