Articles

കുഞ്ഞുങ്ങളിലെ ഹൃദ്രോഗം : Dr. ജോൺ വള്ളിയാട്ട് സംസാരിക്കുന്നു

by Dr. John Valliattu | 16 Jun 2020

ഹൃദ്രോഗ ശസ്ത്രക്രിയ കുഞ്ഞുങ്ങളിൽ വെബ്ബിനാർ : 21 ജൂൺ 2020 ന് . Topic : Awareness on heart related ailments

രോഗ്യകരമായ ജീവിതത്തിനു ആരോഗ്യകരമായ ഹൃദയം അനിവാര്യമാണ്. എന്നാൽ  നാമിന്നു ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വസ്തുതയാണ് നമുക്കിടയിൽ ഹൃദ്രോഗികളുടെ എണ്ണം കൂടി വരുന്നു എന്നത്. ഹൃദ്രോഗം ഏത് പ്രായത്തിലും വ്യത്യസ്ത രൂപങ്ങളിലും പ്രകടമാകാം. ഇതിൽ ഏറ്റവും കൂടുതൽ ആകുലതകൾ സൃഷ്ടിക്കുന്നതാണ് കുട്ടികളിൽ കാണുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ. 

    എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിൽ ഗർഭസ്ഥ ശിശുവിൻെറ പോലും ഹൃദ്രോഗം നിർണ്ണയിക്കുവാനും  നവജാതശിശുക്കൾക്ക് മുതൽ ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സാരീതികൾ നൽകുവാനും സാധിക്കും.  

  കുഞ്ഞുങ്ങളിലെ ഹൃദ്രോഗത്തെ കുറിച്ചും ചികിത്സകളെ കുറിച്ചും പ്രശസ്ത പീഡിയാട്രിക് കാർഡിയാക് സർജൻ (Believers Church Medical College Hospital, Thiruvalla) Dr. ജോൺ വള്ളിയാട്ട് സംസാരിക്കുന്നു.

1 . എത്ര മാത്രം നേരത്തെ നമുക്ക് കുഞ്ഞുങ്ങളിലെ ഹൃദ്രോഗം തിരിച്ചറിയാൻ കഴിയും ? 
  
     ഇന്ന് ഗർഭാവസ്ഥയിൽത്തന്നെ പ്രധാനപ്പെട്ട ഹൃദ്രോഗങ്ങൾ നിർണ്ണയിക്കാൻ സാധിക്കും. നാലു മുതൽ അഞ്ച് വരെ മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനാണ് ഈ തരത്തിലുള്ള രോഗ നിർണ്ണയം സാധ്യമാകുന്നത്
 
2 . ഫീറ്റൽ ഇക്കോ കാർഡിയോഗ്രാം എന്നാൽ എന്ത് ?
     
     ഗർഭസ്ഥശിശുവിൻെറ ഹൃദയം അൾട്രാസൗണ്ട് സ്കാനിംഗിലൂടെ പരിശോധിക്കുന്നതാണ് ഫീറ്റൽ ഇക്കോ കാർഡിയോഗ്രാം. സാധാരണഗതിയിൽ വൈകല്യങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് അറിയുന്നതിനായി എല്ലാ ഗർഭസ്ഥ ശിശുക്കളെയും ഇന്ന് അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയരാക്കാറുണ്ട്. ഈ സ്‌കാനിംഗ് ചെയുന്ന ഡോക്ടർ ഹൃദയത്തിന്  തകരാറുണ്ടോയെന്ന് സംശയിക്കുമ്പോഴാണ് പ്രത്യേക പരിശീലനം നേടിയ ഒരു പീഡിയാട്രിക്ക്‌ കാർഡിയോളജിസ്റ്റിനെ കാണാൻ നിർദ്ദേശിക്കുന്നത്. രോഗമുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി പീഡിയാട്രിക്ക്‌ കാർഡിയോളജിസ്റ്റ് ഫീറ്റൽ ഇക്കോ നടത്തും. പ്രത്യേക  സാഹചര്യങ്ങളിൽ ചില അമ്മമാർക്ക് നിർബന്ധമായും ഫീറ്റൽ ഇക്കോ ചെയ്യേണ്ടതായുണ്ട്. 

3 . എങ്ങനയുള്ള അമ്മമാരാണ് നിർബന്ധമായും ഫീറ്റൽ ഇക്കോയ്ക്ക് വിധേയരാകേണ്ടത് ?

    ജന്മനാലുള്ള ഹൃദ്രോഗത്തിന് ചികിത്സ ചെയ്തിട്ടുള്ള മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽത്തന്നെ പരിശോധിച്ച് രോഗമുണ്ടോയെന്ന് നിർണ്ണയിക്കുവാൻ ഫീറ്റൽ ഇക്കോയിലൂടെ സാധിക്കും. മുൻപുള്ള ഗർഭത്തിൽ
 ഹൃദയത്തിന് അസുഖമുള്ള കുഞ്ഞ് ജനിച്ചെങ്കിൽ തുടർന്നുള്ള ഗർഭത്തിൽ തീർച്ചയായും യഥാസമയം ഫീറ്റൽ ഇക്കോ  ചെയ്ത് അസുഖമുണ്ടോയെന്ന് തീർച്ചപ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്. ഇതു കൂടാതെ സാധാരണ സ്കാനിംഗ് ചെയ്യുന്ന ഡോക്ടർ കുഞ്ഞിൻെറ ഹൃദയത്തിനെ മൊത്തത്തിൽ വീക്ഷിക്കുമ്പോൾ വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് തോന്നിയേക്കാം. ഭൂരിപക്ഷം ഫീറ്റൽ ഇക്കോയും ഇങ്ങനെ ചെയ്യുന്നതാണ്.

4 . കുഞ്ഞുങ്ങളിൽ സാധാരണയായി കാണുന്ന ഹൃദ്രോഗങ്ങൾ എന്തൊക്കെയാണ് ?

     ഗൗരവകരമായ രോഗങ്ങളുടെ കാര്യം പറഞ്ഞാൽ ഹൃദയത്തിനുള്ളിൽ ശുദ്ധ രക്തവും അശുദ്ധരക്തവും കലർന്ന് രക്തത്തിലെ ഓസ്‌സിജൻെറ  അളവ് കുറഞ്ഞ് കുഞ്ഞുങ്ങൾ നീല നിറമാകുന്ന രോഗങ്ങൾ സവിശേഷ പരാമർം അർഹിക്കുന്നു. ഹൃദയത്തിലെ പ്രധാന രക്തധമനികൾ (Aorta, Pulmonary Artery) സ്ഥാനം തെറ്റി ഉത്ഭവിക്കുന്ന TGA (Transposition of Great Arteries) എന്ന രോഗം ജനിച്ച 23 ആഴ്ചക്കുള്ളിൽത്തന്നെ ശസ്ത്രക്രിയ ആവശ്യമുള്ള രോഗമാണ്. Teralogy of Fallot (TOF) എന്ന രോഗത്തിൽ ഹൃദയത്തിൻെറ താഴത്തെ രണ്ട് അറകൾക്കിടയിൽ വലിയ ഒരു ദ്വാരവും ശ്വാസകോശത്തിലേക്കുള്ള രക്തധമനിയിൽ തടസ്സവും ഒരുമിച്ചുണ്ടാകുന്നു. ഈ രോഗത്തിന് പൊതുവെ 1 വയസ്സിനു മുൻപേ ശസ്ത്രക്രിയ ആവശ്യമാണ്. ഓക്‌സിജൻെറ അളവ് അപകടകരമാം വണ്ണം താഴ്ന്നാൽ അത് പരിഹരിക്കുന്നതിന് ഉള്ള ശസ്ത്രക്രിയ നേരത്തെ തന്നെ വേണ്ടി വരാം. നീല നിറമുണ്ടാകില്ലായെങ്കിലും ഹൃദയത്തിൻെറ താഴത്തെ അറകൾക്കിടയിൽ വലിയ സുഷിരമുണ്ടെങ്കിൽ രണ്ടു മൂന്നു മാസം പ്രായമാകുമ്പഴേക്കും കുഞ്ഞിന് ശ്വാസംമുട്ടലും പാലു കുടിക്കുന്നതിനു ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. മൂന്നു മാസത്തോടെ ശസ്ത്രക്രിയ ചെയ്താൽ ഈ പ്രശ്നം പൂർണ്ണമായും ഭേദമാക്കാം. ഹൃദയത്തെ ബാധിക്കുന്ന അനേകം രോഗങ്ങളിൽ പ്രാതിനിധ്യ സ്വഭാവമുള്ള ചിലതു മാത്രമാണ് ഇവിടെ പരാമർശിച്ചത്. 


5. ശസ്ത്രക്രിയ ഇല്ലാതെ കുഞ്ഞുങ്ങളിലെ ഹൃദയ ചികിത്സ സാധ്യമാണോ?
   
    ചില പ്രത്യേകതരം അസുഖങ്ങൾ കത്തീറ്റർ വഴിയുള്ള ചികിത്സയിലൂടെ പൂർണ്ണമായും മാറ്റാവുന്നതാണ്. ഹൃദയത്തിൻെറ രക്തക്കുഴലുകളിൽ വാൽവുകൾ ജന്മനാൽ അടഞ്ഞു പോകുന്ന അസുഖങ്ങളുണ്ട്. ഈ അസുഖങ്ങൾ കത്തീറ്റർ ചികിത്സ വഴി ഭേതപെടുത്താവുന്നതാണ്. പൊതുവെ പറഞ്ഞാൽ അരയിലെ രക്തകുഴലിൽകൂടെ കടത്തുന്ന ഒരു ബലൂൺ വാൽവിൻെറ ഉള്ളിൽ വികസിപ്പിച്ച് വാൽവ് തുറക്കുകയാണ് ചെയുന്നത്. ഇതിനു സമാനമായ രീതിയിൽ സുഷിരങ്ങൾ അടയ്ക്കുന്നതിനും ഉപയോഗിക്കാറുണ്ട്. ശരീരത്തിന് ആവശ്യമില്ലാത്ത രക്തക്കുഴലുകളും സമാന രീതിയിലൂടെ അടയ്ക്കാം. 12 ദിവസത്തെ ആശുപത്രിവാസമേ ഇതിനൊക്കെ വേണ്ടി വരൂ. എടുത്തു പറയേണ്ട മറ്റൊരു സംഗതി ഹൃദയത്തിനു ജന്മനാലുള്ള പല പ്രശ്നങ്ങൾക്കും ഇതൊന്നും ആവശ്യമില്ല. ധാരാളം കുട്ടികൾക്ക് ഹൃദയത്തിനുള്ളിൽ ചെറിയ സുഷിരങ്ങൾ, വാൽവുകളിലെ ചെറിയ വ്യത്യാസങ്ങൾ ഇവയൊക്കെ സാധാരണ ജീവിത്തത്തെ ബാധിക്കാതെ ഉണ്ടാകുന്നുണ്ട്. വർഷങ്ങൾ കൂടുമ്പോൾ ഒരു പീഡിയാട്രിക് കാർഡിയോളജിസ്റ്റിനെ കണ്ട് പരിശോധിക്കുക എന്നതിനപ്പുറം പ്രത്യേക ചികിത്സയൊന്നും ഇത്തരം കുട്ടികൾക്ക് ആവശ്യമില്ല.  


6. ജന്മനാലുള്ള ഹൃദ്രോഗങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണ്?

    സാധാരണ ഗതിയിൽ നമുക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരു കാരണവും ഇതിനു പിന്നിൽ ഇല്ല. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം, മാതാപിതാക്കൾക്ക് ജന്മനാൽ ഹൃദ്രോഗം ഉണ്ടായിരിക്കുക, മാതാവിൻെറ പ്രായകൂടുതൽ, മാതാവിലെ പ്രമേഹം ഇവയൊക്കെ കുഞ്ഞുങ്ങളിൽ രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.In the spotlight

Read more Articles