Articles

അമിത രക്തസ്രാവം സ്ത്രീകളിൽ

by Dr. ANNAMMA ABRAHAM | 14 Aug 2020

സ്ത്രീ ശരീരം നിഗൂഡതകൾ നിറഞ്ഞതാണ് പുറമേയുള്ള അഴകളവുകൾക്കപ്പുറം ഉള്ളിലെ  സങ്കീർണതകളാണ് അധികം.

സ്ത്രീ ശരീരം നിഗൂഡതകൾ നിറഞ്ഞതാണ് പുറമേയുള്ള അഴകളവുകൾക്കപ്പുറം ഉള്ളിലെ  സങ്കീർണതകളാണ് അധികം. നിങ്ങളറിയണം ഒരു സ്ത്രീ ശരീരത്തിനുള്ളിൽ ഹോർമോണുകളുടെ നിലക്കാത്ത പ്രവാഹം എപ്പോഴുമുണ്ട്. സ്ത്രീയുടെ സ്ത്രൈണവസ്ഥക്കു കാരണമായതും അവളെ അമ്മയാക്കുന്നതിനും മുലയൂട്ടുന്നതിനും സഹായിക്കുന്നത് FSH, LH, Estrogen, Progesterone , Testosterone എന്നീ വിവിധ ഹോർമോണുകളാണ്. ഇവ ആർത്തവ ചക്രത്തിലെ ദിനങ്ങൾക്ക് അനുസരിച്ച് ഏറിയും കുറഞ്ഞും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. Pituitary, Hypothalamus, ovary എന്നിവയിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ രക്തത്തിൽ കലർന്ന് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തി താന്താങ്ങളുടെ കർത്തവ്യങ്ങൾ അത്യന്തം സൂക്ഷ്മകരവും സങ്കീർണവുമായ രീതിയിൽ നടന്നുപോകുന്നു. എന്നാൽ ചിലപ്പോൾ നമുക്ക് അറിയാവുന്നതും, അറിയാത്തതുമായ പല കാരണങ്ങൾ കൊണ്ട് ഈ പ്രകൃതിനിയമം തകിടം മറിയുകയും അത് രോഗങ്ങളോ രോഗലക്ഷണങ്ങളോ ആയി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അതിലേറ്റവും പ്രധാനം അസാധാരണവും ചിലപ്പോൾ അമിതവുമായ രക്തസ്രാവമാണ്.

           അമിത രക്തസ്രാവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമയ ക്ലിപ്തത ഇല്ലാത്തതും അധികം ആയതുമായ രക്തസ്രാവത്തെ ആണ്. 21 മുതൽ 35 ദിവസത്തിനുള്ളിൽ വരേണ്ട ആർത്തവം കൂടുതൽ അടുത്തടുത്തായി വരിക, ചിലപ്പോൾ വിട്ടുവിട്ട് ചെറിയതോതിൽ രക്തസ്രാവം ഉണ്ടാവുക, ചിലപ്പോൾ ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം ഉണ്ടാവുക എന്നതെല്ലാം സംശയത്തോടെ വീക്ഷിക്കപ്പെടേണ്ടതാണ്. ഈ രോഗ ലക്ഷണത്തിന്റെ പ്രാധാന്യം നിർണയിക്കുന്നതിൽ പ്രായം ഒരു വലിയ ഒരു മാനദണ്ഡമാണ്.  പ്രായമായവരിലും ആർത്തവവിരാമം അടുക്കാറായവരിലും കൂടുതൽ പരിശോധനകൾ അർഹിക്കുന്നു. ഇത് ഞാൻ മുൻപ് പറഞ്ഞ പോലെ ചിലപ്പോൾ ഹോർമോണുകളുടെ തുലനത്തിലെ വ്യതിയാനമാകാം എന്നാൽ ചിലപ്പോൾ എങ്കിലും കൂടുതൽ ആപത്കരമായ വിഷയങ്ങൾ ആവാം. ഉദാഹരണത്തിന് ഗർഭപാത്രത്തിലെ മുഴകൾ (Fibroid) ഗർഭപാത്രം കട്ടിയാകൽ(Adenomyosis, Endometrial polyp) തുടങ്ങി, ഏറ്റവും അപകടകാരിയായ ക്യാൻസർ വരെ.

വളരെ സാധാരണയായി ഗർഭപാത്രത്തിൽ കാണപ്പെടുന്ന മുഴകളാണ് Fibroid, ഇത് ഗർഭപാത്രത്തിലെ പേശീ തന്തുക്കൾ പ്രത്യേകരീതിയിൽ ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. സാധാരണയായി പ്രത്യുല്പാദന  കാലയളവിൽ ഉള്ള സ്ത്രീകളിൽ അമിതരക്തസ്രാവമായും ആർത്തവകാലത്തെ അധിക വേദനയും ഉണ്ടാക്കുന്നു. ഈ മുഴകൾ കാൻസർ ആയി പരിണമിക്കാനുള്ള സാധ്യത  കുറവാണ്.  ചിലപ്പോൾ ആകസ്മികമായി മൂത്രതടസ്സമായോ വയറ്റിൽ ഭാരം കൂടുതലായോ അനുഭവപ്പെടാം. Adenomyosis ൽ  ഗർഭാശയ ഭിത്തിക്ക് കട്ടി കൂടുകയും മൊത്തത്തിൽ ഗർഭപാത്രത്തിന് വലിപ്പം കൂടുകയും ചെയ്യും.

ഗർഭാശയത്തിന്റെ ഉള്ളറ  ഒരു നനുത്ത ആവരണം കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുന്നു ഇതിനെ എൻഡോമെട്രിയം എന്ന് പറയുന്നു  ഈ ആവരണം ആർത്തവ ചക്രത്തിലെ വിവിധ ദിനങ്ങളിൽ വിവിധ രീതിയിൽ സ്വയം മാറുന്നു അണ്ഡവിസർജന ദിവസത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും മാസമുറയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ. മഴവില്ലിന്റെ വിവിധ വർണ്ണങ്ങൾ പോലെ എൻഡോമെട്രിയം മാറുന്നതിന് കാരണം ഞാൻ മുമ്പ് പറഞ്ഞ ഹോർമോണുകളാണ് ഹോർമോണുകൾ സന്ദേശ വാഹകർ ആണ് ഈ ഗർഭാശയ ആവരണം ഒരുതരത്തിൽ പറഞ്ഞാൽ എല്ലാ മാസവും ഒരു ഗർഭസ്ഥശിശുവിനെ പ്രതീക്ഷിക്കുകയും അതിനായുള്ള മുന്നൊരുക്കങ്ങൾ ഹോർമോണുകളുടെ നിർദേശപ്രകാരം ചെയ്യുകയും ചെയ്യുന്നു ഗർഭധാരണം നടക്കാത്ത പക്ഷം ആവരണം (എൻഡോമെട്രിയം) കൊഴിഞ്ഞുപോവുകയും തൽഫലമായി ചെറിയ ചെറിയ രക്തക്കുഴലിലൂടെ രക്തമൂറി വരികയും ചെയ്യുന്നു ഇതാണ് മാസമുറ യായി നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ ചിലപ്പോൾ ഹോർമോണുകളുടെ അനുപാതത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോൾ എൻഡോമെട്രിയത്തിൽ അത് പ്രതിഫലിക്കും. ചിലപ്പോൾ എൻഡോമെട്രിയം ഒരു നാക്ക് പോലെ വളർന്ന പോളിപ് ആയി പ്രത്യക്ഷപ്പെടാം. അപ്പോഴാണ് നിങ്ങൾക്ക് ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാക്കുന്നത്. 

സ്ത്രീ ശരീരത്തിൽ ഹോർമോൺ വ്യതിയാനം ഉണ്ടാവുന്നതും ഇപ്പോൾ വളരെയധികം കാണപ്പെടുന്നതുമായ ഒരു അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOD) ഈ അവസ്ഥയിൽ സ്ത്രീ ഹോർമോണുകളുടെ അനുപാതത്തിൽ വ്യത്യാസം വരുന്നതോടൊപ്പം പുരുഷഹോർമോൺ അധികം ആവുകയും ചെയ്യും ഇങ്ങനെയുള്ളവരിൽ ഇതിന്റെ ഫലമായി മാസങ്ങളോളം മാസമുറ ഉണ്ടാകാതെ ഇരിക്കുകയും എൻഡോമെട്രിയം കൂടുതൽ കട്ടിയുള്ളതാവുകയും ചെയ്യും ഇക്കൂട്ടരിൽ മൂന്നോ നാലോ മാസങ്ങൾക്ക് ശേഷം മാസമുറ വരുമ്പോൾ അത് കൂടുതൽ രക്തസ്രാവം ഉണ്ടാകും. ലൈംഗികബന്ധത്തിനു ശേഷം ഉണ്ടാകുന്ന രക്തസ്രാവവും മാസമുറക്ക് ഇടയിലുണ്ടാകുന്ന ചെറിയ ചെറിയ ബ്ലീഡിങ്ങും കൂടുതൽ പരിശോധനകൾ അർഹിക്കുന്നു. അതുപോലെ.ഇന്ത്യയിൽ ഏറ്റവും അധികമായി സ്ത്രീകളിൽ കാണപ്പെടുന്ന കാൻസർ ഗർഭാശയമുഖ കാൻസർ ആണ് എന്നിരിക്കിലും നമ്മുടെ നാട്ടിലെ സ്ഥിതി വിഭിന്നമാണ് ഗർഭാശയത്തിന്റെ ആവരണത്തിന്റെ (Endometrial) കാൻസറും ഇവിടെ അതേ അളവിൽ കാണപ്പെടുന്നു ആർത്തവവിരാമ കാലഘട്ടങ്ങളിൽ കാണപ്പെടുന്ന അമിത രക്തസ്രാവവും ഇടയ്ക്കിടെയുള്ള രക്തസ്രാവവും, അതുകൊണ്ടുതന്നെ ബയോപ്സി ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയമാക്കേണ്ടതാണ്.

 നാം സാധാരണയായി ചെയ്യാറുള്ള അൾട്രാസൗണ്ട് സ്കാൻ മുഖേന ഗർഭാശയത്തിന്റെ കട്ടി കണക്കാക്കാവുന്നതാണ് അതുപോലെതന്നെ Fibroid, adenomyosis, polyp എന്നിവയും കണ്ടു പിടിക്കാൻ സാധിക്കും എൻഡോമെട്രിയൽ കാൻസർ ഒരു ആൾട്രാസൗണ്ട്  മുഖേന സംശയാതീതമായി കണ്ടുപിടിക്കാൻ കഴിയില്ല അതിന് Endometrial biopsy ആവശ്യമാണ്.

ഗർഭാശയ മുഖത്തുണ്ടാക്കുന്ന കാൻസർ അഥവാ സെർവിക്കൽ കാൻസർ ശരിയായ മുൻകരുതലുകൾ എടുത്താൽ തടയാൻ സാധിക്കുന്നതാണ്. വിവാഹിതരായവരിൽ 25 വയസ്സിനു ശേഷം  മൂന്ന് വർഷത്തിലൊരിക്കൽ  പാപ് സ്മിയർ എടുത്തിരിക്കണം.  വികസിത രാജ്യങ്ങളിൽ സെർവിക്കൽ ക്യാൻസർ നിർമാർജനം ചെയ്തിട്ടുണ്ട് രോഗലക്ഷണം (Post coital bleeding, Irregular Uterine bleeding) പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ പാപ് സ്മിയർ ടെസ്റ്റ് ലൂടെയും കോൾപ്പോസ്കോപ്പി, ബയോപ്സി, എന്നീ പരിശോധനയിലൂടെയും രോഗം കണ്ടുപിടിക്കാം. ലൈംഗിക ശുചിത്വവും സാമൂഹ്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ വ്യക്തിജീവിതവും ഇത് തടയാൻ പ്രധാന പങ്ക് വഹിക്കുന്നു..

HPV വാക്സിനും ഈ രോഗം നിർമാർജനം  ചെയ്യുന്നതിന് സഹായകരമാണ്. ഗർഭധാരണ കാലയളവിലുള്ള സ്ത്രീകളിൽ അമിത രക്തസ്രാവവുമായി വന്നാൽ ഏറ്റവും ആദ്യമായി ചിന്തിക്കേണ്ടത് ഗർഭധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഉദാഹരണത്തിന് ഗർഭം അലസിപ്പോക്കൽ, Tubal Pregnancy  മുതലായവ. അണ്ഡാശയത്തിലെ മുഴകളും,  Abnormal bleeding ഉണ്ടാക്കാം. Copper-T ചിലരിലെങ്കിലും അമിത രക്തസ്രാവത്തിന് കാരണമാകാറുണ്ട്.

    ഇതിന്റെ ചികിത്സാ രീതി രോഗിയുടെ പ്രായം ഗർഭധാരണത്തിന്റെ ആവശ്യകത മറ്റു രോഗാവസ്ഥകൾ (ഡയബറ്റിസ് ഹൈപ്പർടെൻഷൻ) എന്നിവയെ ആശ്രയിച്ചിരിക്കും. രക്തസ്രാവം നിൽക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ അല്ലാത്ത ഗുളികകൾ ഉണ്ട് ഇതുകൊണ്ട് രക്തസ്രാവം നിന്നില്ലെങ്കിൽ ഹോർമോൺ ചികിത്സ ആവശ്യമായി വരും. ഈ ചികിത്സ ഗുളികകൾ ആയിട്ടോ ഇൻജക്ഷൻ ആയിട്ടോ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഉപകരണമായിട്ടോ കൊടുക്കാം. ഇത്തരം ചികിത്സകൾ പരാജയപ്പെടുമ്പോൾ ഗർഭപാത്രം നീക്കം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണം. ഗർഭപാത്രത്തിലോ അണ്ഡാശയത്തിലോ ഉള്ള മുഴകൾ രക്തസ്രാവത്തിനു കാരണം ആകുമ്പോഴും ബയോപ്സി റിപ്പോർട്ട് പ്രകാരം അർബുദം വരാൻ സാധ്യത ഉള്ളപ്പോഴും ഓപ്പറേഷൻ അല്ലാതെ മാർഗ്ഗമില്ല .

ഡോ. അന്നമ്മ എബ്രഹാം
സീനിയർ കൺസൽട്ടൻറ്,  ഒബ്സ്റ്റട്രീഷ്യൻ & ഗൈനെക്കോളജിസ്റ്റ്
കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, കുടമാളൂർ കോട്ടയംIn the spotlight

Read more Articles