Articles

തൈറോയ്ഡ് പ്രശ്നങ്ങളും, പരിഹാരങ്ങളും.

by Dr. John S Kurien | 19 Aug 2020

തൈറോയ്ഡ് പ്രശ്നങ്ങളും, പരിഹാരങ്ങളും.

ഇന്നത്തെ കാലത്ത് തൈറോയ്ഡ് പ്രശ്നങ്ങൾ സർവ്വസാധാരണമാണ്. ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ തകരാറുകൾ മൂലം രക്തത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് രക്തത്തിൽ ഗണ്യമായി കുറയുന്നതാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയ്ഡ് ഹോർമോൺ അധികമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം .

മുഴകളോട് കൂടിയും മുഴ ഇല്ലാതെയും തൈറോയ്ഡ് അസുഖങ്ങൾ വരാം. തൈറോയ്ഡ് രോഗം ശസ്ത്രക്രിയയിലൂടെ വിജയകരമായി ഭേദമാക്കിയത് സ്വിറ്റ്സർലൻഡിലെ ഡോ. കോഷർ എന്ന സർജനാണ്. കുറെ അധികം ആളുകളിൽ അയഡിൻ കുറവ് വന്നപ്പോഴാണ് ഈ രോഗം ശ്രദ്ധയിൽപ്പെടുന്നത്.  ഇദ്ദേഹത്തിന് ഇതിന് നോബൽ സമ്മാനവും കിട്ടിയിട്ടുണ്ട് .

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂത്രത്തിലെ അയഡിന്റെ അളവ് ഫ്രഷ് ആയി നോക്കിയാൽ മാത്രമേ അയഡിന്റെ അളവ് കൃത്യമായി അറിയാൻ സാധിക്കൂ. ഈ പരിശോധന AIIMS ചെയ്യുന്നുണ്ട്. പല തൈറോയ്ഡ് മുഴകളും അയഡിൻ കുറവ് മൂലം ഉണ്ടാകാറുണ്ട്. ഇത് അയഡിന്റെ കുറവ് മൂലമാണോ എന്ന് അറിയാത്തത് കൊണ്ട് അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക.

അയഡിൻ അടങ്ങിയ ഉപ്പ് അടച്ചുറപ്പുള്ള പ്ലാസ്റ്റിക് ജാറുകളിൽ മാത്രമേ സൂക്ഷിക്കാവുള്ളു അതോടൊപ്പം തന്നെ അയഡിൻ അടങ്ങിയ ഉപ്പ് കറികൾ പാകം ചെയ്ത ശേഷം മാത്രമേ കറിയിൽ ചേർക്കാവൂ അല്ലാത്തപക്ഷം ഉപ്പിലെ അയഡിൻ നഷ്ടപ്പെടും.

അയഡൈസ്ഡ് ഉപ്പ് കൂടുതലായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ തൈറോയ്ഡിന്റെ ചില ടൈപ്പ് കാൻസർ കൂടുതലായി കാണാറുണ്ട്.

T3, T4 (Free T3, Free T4) തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നാണ് ഉണ്ടാകുന്നത്. TSH തലച്ചോറി ലെ പിറ്റ്യൂട്ടറി ഗ്രത്ഥിയിൽ നിന്നാണ് ഉണ്ടാകുന്നത്. T3, T4 കുറയുമ്പോൾ TSH കൂടും. നേരെ മറിച്ച് T3, T4 കുടുമ്പോൾ TSH കുറയും. ആയതിനാൽ TSH മാത്രം ടെസ്റ്റ് ചെയ്യുമ്പോൾ TSH കൂടുതലായി കണ്ടാൽ (5ൽ കൂടുതൽ )  തൈറോയ്ഡ് കൂടുതലാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. വാസ്തവത്തിൽ അവരുടെ തൈറോയ്ഡ് ഹോർമോൺ കുറവാണ്.

ഹോർമോൺ കൂടിയാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ (ഹൈപ്പർ തൈറോയ്ഡിസം)

ശരീരഭാരം കുറയുക, അമിതമായി വിയർക്കുക, ചൂട് കാലാവസ്ഥ താങ്ങാൻ പറ്റാത്ത അവസ്ഥ, മുടികൊഴിച്ചിൽ, വയറിളക്കം, കണ്ണ് പുറത്തേക്ക് തള്ളുക, ഉറക്കക്കുറവ്.

 ഹോർമോൺ കുറഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ (ഹൈപ്പോതൈറോയ്ഡിസം)

അമിതമായ ക്ഷീണം, അമിതവണ്ണം, അലസത, മലബന്ധം, ശബ്ദത്തിന് പതർച്ച.

മുഴകൾ പലതരം

പലതരം തൈറോയ്ഡ് മുഴകൾ  കാണാറുണ്ട്. പരന്ന രൂപത്തിൽ കാണപ്പെടുന്ന മുഴകൾക്ക്  ഡിഫ്യൂസ് ഗോയിറ്റർ എന്നു പറയുന്നു. ഒറ്റ മുഴയായി കാണുന്നതിനെ സോളിറ്ററി നോഡിയൂൾ എന്ന് പറയുന്നു, ഇത്തരം മുഴകൾക്ക് 15 ശതമാനം ക്യാൻസർ സാധ്യത ഉണ്ട്. ഒന്നിൽ കൂടുതൽ മുഴകൾ  ആണെങ്കിൽ മൾട്ടി ന്യൂഡി ലാർ ഗോയിറ്റർ എന്നും പറയുന്നു, ഈ മുഴകളിൽ ഒരു ശതമാനം മാത്രമേ കാൻസർ സാധ്യതയുള്ളൂ. ക്യാൻസർ സാധ്യത കൃത്യമായി അറിയാൻ ആൾട്രാസൗണ്ട് സ്കാൻ ചെയ്തശേഷം  നോഡി യൂളിന്റെ ലക്ഷണം നോക്കിയിട്ട്  കുഴപ്പം കാണാൻ സാധ്യതയുള്ളതിൽ നിന്ന് കോശം കുത്തിയെടുത്ത്  FNAC ടെസ്റ്റ് ചെയ്യണം.

ചികിത്സകൾ 

തൈറോയ്ഡ് ഹോർമോൺ ന്റെ വ്യത്യാസമോ മുഴയോ വന്നാൽ ആവശ്യമായ ചെക്കപ്പും ചികിത്സകളും അനിവാര്യമാണ്. രക്ത പരിശോധന കൂടാതെ മുഴയിൽനിന്ന് കോശം കുത്തി എടുത്തുള്ള പരിശോധനകളും ആവശ്യമായി വരും. ചില മുഴകൾ മരുന്നുകൾകൊണ്ട് ചികിത്സിക്കാമെങ്കിലും, വലിയ മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടി വരും. ഒരു വശത്ത് മാത്രമേ മുഴ ഉള്ളൂവെങ്കിൽ ചില ഡോക്ടർമാർ ഒരു വശം മാത്രമേ എടുക്കാറുള്ളൂ പക്ഷേ അഞ്ചോ, ആറോ വർഷം കഴിയുമ്പോൾ മറ്റേ വശത്തും രോഗിക്ക് മുഴ വരാറുണ്ട്. പിന്നെ വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടി വരാം. ആയതിനാൽ എല്ലാ വർഷവും അൾട്രാസൗണ്ട് സ്കാനിങ് ചെയ്യുന്നതാണ് ഉത്തമം. അല്ലെങ്കിൽ ഗ്രന്ഥി എടുത്ത് മാറ്റുന്നതാണ് ഫലപ്രദമായ ചികിത്സ.

ഹോർമോൺ കുറവുള്ള ആളുകളിൽ ചിലർക്ക് അയഡിൻ കുറവ് മൂലമോ അല്ലെങ്കിൽ തൈറോയ് ഡൈറ്റിസ് (ശരീരത്തിന് അവയവം സ്വന്തമല്ലെന്ന് തോന്നുന്ന അവസ്ഥ) മൂലമോ മുഴകൾ വരാം. ചിലപ്പോൾ ഇത് തനിയെ മാറും ചിലർക്ക് ജീവിതകാലം മുഴുവൻ നിലനിൽക്കും. മുഴ ഇല്ലാതെ ഹോർമോൺ കൂടിയാൽ റേഡിയോ അയഡിൻ ചികിത്സ ഫലപ്രദമാണ്. മുഴയോടു കൂടി ഹോർമോൺ കൂടിയാൽ ഗുളിക കഴിച്ച് ഹോർമോൺ നോർമൽ ആക്കിയ ശേഷം തൈറോയ്ഡ് ഗ്രന്ഥി എടുത്ത് കളയുന്നതാണ് ചികിത്സ.

ശസ്ത്രക്രിയയ്ക്കുശേഷം

മൊത്തം ഗ്രന്ഥി എടുത്തുകളഞ്ഞ ശേഷം എല്ലാ രോഗികളിലും തൈറോയ്ഡ് ഹോർമോൺ ഗുളിക കഴിക്കേണ്ടിവരും എന്നതാണ് വസ്തുത

തൈറോയ്ഡ് ക്യാൻസർ ആണെങ്കിൽ ഗ്രന്ഥി എടുത്തു കളഞ്ഞ ശേഷം വേറെ സ്ഥലത്തേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന് അറിയാൻ അയഡിൻ 131 , റേഡിയോ അയഡിൻ സ്കാൻ ചെയ്ത ശേഷം റേഡിയോ അയൺ   കൂടുതൽ അളവിൽ കഴിക്കേണ്ടി വരാം.

തൈറോയ്ഡ് ഗ്രന്ഥിക്ക് തൊട്ടുപുറകിൽ പോകുന്ന ഞരമ്പുകൾ ആണ് ശബ്ദം നിയന്ത്രിക്കുന്നത് ഇതിനോട് ചേർന്ന് കാൽസ്യം നിയന്ത്രിക്കുന്ന 4 പാരാതൈറോയ്ഡ് ഗ്രന്ഥികളുമുണ്ട് വിദഗ്ധരായ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്താൽ പോലും രണ്ടു ശതമാനം ആളുകൾക്ക് ശബ്ദവ്യത്യാസം ഉണ്ടാകാനും കാൽസ്യത്തിന്റെ കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്.

മുൻകരുതലുകൾ

കുട്ടികൾക്ക് ജനനസമയത്ത് തന്നെ ഉപ്പൂറ്റിയിൽ നിന്ന് രക്തം എടുത്ത് TSH, T3, T4  ടെസ്റ്റുകൾ ചെയ്യാറുണ്ട് കുട്ടികൾക്ക് തൈറോയ്ഡ് ഹോർമോണിന്റെ കുറവ് മൂലം ബുദ്ധിമാന്ദ്യം വരുന്നത് സംഭവിക്കാതിരിക്കാൻ ഇത് സഹായകമാണ് .

 ഗർഭിണിയായിരിക്കുന്ന സമയത്ത്  സ്ത്രീകൾ Free T3, Free T4 ടെസ്റ്റുകൾ വഴി ഹോർമോൺ അളവ് നോക്കണം. കുട്ടികളുടെ ബുദ്ധി വളർച്ച ഇതിനെ ആശ്രയിച്ചാണ് ....In the spotlight

Read more Articles