Articles

കോപത്തെ മറികടക്കാം

by Psych Sandhya Rani. L | 02 Sep 2020

എന്താണ് കോപം? 

മനസ്സിന് അപ്രിയമാകുന്ന സംഭവങ്ങളോടുള്ള സ്വാഭാവിക പ്രതികരണമാണ് കോപം.

ജീവിതത്തില്‍ കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നടക്കാതെ വരുമ്പോഴും ഒരാള്‍ ഇഷ്ടപ്പെടാത്ത തരത്തില്‍ പെരുമാറുമ്പോഴും ഒക്കെ ദേഷ്യം മനസ്സില്‍ നിന്ന് മറനീക്കി പുറത്തു വരുന്നു. മനസ്സിനെ മുറിപ്പെടുത്തിയ സംഭവം ചിലപ്പോള്‍ വളരെ നിസ്സാരമായ ഒന്നാകാം, അല്ലെങ്കില്‍ ഗൗരവതരമായ പ്രശ്നമാകാം.

എന്തുതന്നെയായാലും അതിന്‍റെ പേരില്‍ കോപിക്കുമ്പോള്‍ ആ വേദന ഇല്ലാതാകുന്നില്ല. മറിച്ച് ചുറ്റും ഉള്ളവരിലേയ്ക്ക് കൂടി ആ വേദനയുടെ ഒരംശം പ്രസരിക്കുന്നു. ദേഷ്യം തണുത്ത് മനസ്സ് സ്വസ്ഥമാകുമ്പോള്‍ മനസ്സിനെ കുറ്റബോധം വേട്ടയാടും. പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലല്ലോ എന്ന വിഷമം മനസ്സിനെ അലട്ടും. ജീവിതത്തില്‍ ഇത്തരത്തില്‍ ഒരവസ്ഥയിലൂടെ കടന്നു പോകാത്തവര്‍ ചുരുക്കമാണ്. ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധങ്ങള്‍ മുറിഞ്ഞു പോകുകയും ജീവിതം സംഘര്‍ഷഭരിതമാകുകയും ചെയ്യും.

"ഒരു പൊതുമേഖലാസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനാണ് പ്രദീപ്. കുടുംബവുമൊത്ത് തിരുവനന്തപുരത്ത് താമസിക്കുന്നു. ജോലിയില്‍ മിടുക്കനായ, സത്യസന്ധനായ ഒരു ചെറുപ്പക്കാരന്‍. നല്ല സാമ്പത്തികനിലയിലുള്ള കുടുംബം. പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും ആ കുടുംബത്തില്‍ ഇല്ലെങ്കിലും ഒരു ദിവസം അദ്ദേഹത്തിന്‍റെ ഭാര്യ എന്നെ കാണാന്‍ വന്നു. പ്രദീപ് വെറുതെ ആളുകളുമായി വഴക്കിടുന്നുവെന്നായിരുന്നു അവരുടെ പരാതി."

പല ബന്ധുക്കളും പ്രദീപിന്‍റെ സ്വഭാവത്തെ പറ്റി മുന്‍പും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ അത് കാര്യമായെടുത്തിരുന്നില്ല. എന്നാല്‍ അടുത്തിടെ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ പ്രദീപ് ഒരാളോട് കയര്‍ത്തു സംസാരിക്കുകയും അത് കുടുംബത്തിനകത്ത് ചര്‍ച്ചാവിഷയമാകുകയും ചെയ്തപ്പോഴാണ് അവര്‍ എന്‍റെ അടുക്കലെത്തിയത്. എന്നാല്‍ പ്രദീപുമായി സംസാരിച്ചപ്പോള്‍ അയാള്‍ ഇക്കാര്യം അംഗീകരിച്ചില്ല. പകരം തന്‍റെ പ്രവൃര്‍ത്തികളെ ന്യായീകരിക്കാനാണ് അയാള്‍ ശ്രമിച്ചത്.

കൂടുതല്‍ സംസാരിച്ചപ്പോള്‍ താന്‍ മനപൂര്‍വ്വം ഒരു പ്രശ്നം ഉണ്ടാക്കുന്നതല്ലെന്നും ദേഷ്യം വരുമ്പോള്‍ ആ സമയത്തെ മനോനില അനുസരിച്ച് പ്രതികരിക്കുന്നതാണെന്നും അയാള്‍ പറഞ്ഞു. ദേഷ്യത്തിന്‍റെ പുറത്ത് പറഞ്ഞതൊക്കെ തെറ്റായി പോയെന്ന് പിന്നീട് തോന്നാറുണ്ട്. എങ്കിലും ആ വ്യക്തിയെ പിന്നെ അഭിമുഖീകരിക്കാന്‍ മടി തോന്നും. അതിനാല്‍ അയാളില്‍ നിന്ന് അകലം പാലിക്കും-ഇതായിരുന്നു പ്രദീപ് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ജോലിസ്ഥലത്തും കുടുംബത്തിലും അയാള്‍ക്ക് സുഹൃത്തുക്കള്‍ കുറവായിരുന്നു. ദേഷ്യം വരുമ്പോള്‍ മനസ്സിനെ നിയന്ത്രണം കൈവിട്ടു പോകുകയും അപ്പോള്‍ അരുതാത്തതൊക്കെ വിളിച്ചു പറയുകയും ചെയ്യുന്നതായിരുന്നു അയാളുടെ രീതി. അതു മനസ്സിലാക്കിയിട്ടും തിരുത്താന്‍ യാതൊരു ശ്രമവും അയാളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇക്കാര്യം അയാളെ പറഞ്ഞു ബോധ്യപ്പെടുത്തി. ഇതോടെ അറ്റുപോയ ബന്ധങ്ങള്‍ പുതുക്കാനും പറ്റിയ തെറ്റില്‍ ക്ഷമ പറയാനും പ്രദീപ് ഉത്സാഹം കാണിച്ചു. ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സിനെ നിയന്ത്രിക്കാന്‍ അയാള്‍ ശീലിച്ചു. അതോടെ പ്രദീപിന്‍റെ സുഹൃത്തുക്കളുടെ പട്ടികയിലെ എണ്ണം വര്‍ദ്ധിച്ചു.

എടുത്തുചാട്ടം വേണ്ട

ക്രോധം മനസ്സിനെ കീഴടക്കുമ്പോള്‍ ഒരു വ്യക്തിക്ക് വിവേകപൂര്‍ണ്ണമായി ചിന്തിക്കാനുള്ള കഴിവ് തീര്‍ത്തും നഷ്ടപ്പെടുന്നു. മനസ്സ് പൂര്‍ണ്ണമായും ദേഷ്യത്തിന് കാരണമായ സംഗതിയില്‍ അല്ലെങ്കില്‍ വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. ഈ മനോനിലയിലൂടെ കടന്നു പോകുന്ന വ്യക്തി ഏതുതരത്തില്‍ പ്രതികരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ അരുതാത്ത വാക്കുകള്‍ വിളിച്ചു പറഞ്ഞെന്നിരിക്കാം. അല്ലെങ്കില്‍ ക്രോധത്തിന്‍റെ പാരമ്യത്തില്‍ ശാരീരിക ആക്രമണത്തിന് മുതിര്‍ന്നേക്കാം. എന്നാല്‍ ഇതൊന്നും ആ വ്യക്തി കരുതിക്കൂട്ടി ചെയ്യുന്നതല്ല. ദേഷ്യം മനോനില തെറ്റിക്കുമ്പോള്‍ ഉള്ളില്‍ നിന്ന് അയാള്‍ പോലും അറിയാതെ ഉണ്ടാകുന്ന പ്രതികരണമാണ് ഇത്.

എന്നാല്‍ ദേഷ്യത്തിന് അടിമപ്പെട്ട വ്യക്തിയുടെ പ്രതികരണത്തിന് ഇരയാകുന്ന ആള്‍ക്ക് ഇത് മനസ്സിലാക്കാനോ ക്ഷമിക്കാനോ ഉള്ള മാനസികാവസ്ഥ ഉണ്ടാകണമെന്നില്ല. അയാള്‍ അതേ നാണയത്തില്‍ തിരിച്ചു മറുപടി കൊടുക്കാന്‍ തുനിഞ്ഞെന്നിരിക്കാം. അങ്ങനെ വരുമ്പോള്‍ പിന്നീടൊരിക്കലും കൂട്ടിയിണക്കാന്‍ കഴിയാത്ത വിധം ആ ബന്ധം മുറിഞ്ഞു പോകുന്നു. കോപം മനസ്സിനെ കീഴടക്കുമ്പോള്‍ എടുത്തുചാടി പ്രതികരിക്കാതെ ഇരിക്കുക എന്നതു മാത്രമാണ് ഇതില്‍ നിന്ന് രക്ഷപെടാനുള്ള പോംവഴി. ഒരു നിമിഷം മനസ്സിനെ ശൂന്യമാക്കുക. എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കാന്‍ ശ്രമിക്കുക. മനസ്സിനെ പഴയ അവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുക. മനസ്സ് ശാന്തമാകുന്നില്ലെന്നു കണ്ടാല്‍ മൗനം പാലിക്കുക. എല്ലാ കാര്യങ്ങളോടും ഉടനടി പ്രതികരിക്കണമെന്ന് നിര്‍ബന്ധമില്ല. എടുത്തുചാടി പ്രതികരിച്ച് പിന്നീട് ജീവിതകാലം മുഴുവന്‍ ഒരു കുറ്റബോധം മനസ്സില്‍ കൊണ്ടുനടക്കുന്നതിലും എത്രയോ നല്ലതാണ് ഒരു നിമിഷത്തെ മൗനമെന്ന് തിരിച്ചറിയുക.

വാക്കുകള്‍ തിരിച്ചെടുക്കാനാകില്ല

വാക്കുകള്‍ക്ക് കത്തിയേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന് പറയാറുണ്ട്. അത് തീര്‍ത്തും സത്യമാണ്. കത്തികൊണ്ടുണ്ടാക്കിയ ഒരു മുറിവ് ചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയും. എന്നാല്‍ വാക്കു കൊണ്ട് നോവിച്ചാല്‍ അത് ചിലപ്പോള്‍ ജീവിതാവസാനം വരേയും മനസ്സില്‍ നിന്ന് മായ്ച്ചു കളയാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ ഓരോ വാക്കും അത്രമേല്‍ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ. കോപിച്ചിരിക്കുന്ന മനസ്സില്‍ നിന്ന് നല്ല വാക്കുകള്‍ പുറത്തേയ്ക്കു വരില്ല. മറിച്ച് ഒരിക്കലും പറയണമെന്ന് വിചാരിക്കാത്ത കാര്യങ്ങളായിരിക്കും ദേഷ്യപ്പെടുമ്പോള്‍ ഓരോ വ്യക്തിയുടേയും നാവില്‍ നിന്നു വരുന്നത്. ഇത് നല്ല ബന്ധങ്ങളെ പാടെ തകര്‍ക്കും.

മനപൂര്‍വ്വമല്ല, വെറും ദേഷ്യത്തിന്‍റെ പുറത്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്ക് ബോധ്യം ഉണ്ടെങ്കില്‍ പോലും കേട്ടു നിന്നയാളെ അതു ബോധ്യപ്പെടുത്തുക പ്രയാസകരമായിരിക്കും. ബന്ധങ്ങളില്‍ മുറിവുകള്‍ വീണാല്‍ പിന്നീട് അത് പൂര്‍ണ്ണമായും ഉണക്കാന്‍ പ്രയാസമാണ്. അതിനാല്‍ വാക്കുകള്‍ കരുതലോടെ ഉപയോഗിക്കുക. ദേഷ്യം നിറഞ്ഞ അവസ്ഥയില്‍ പറയുന്നതൊക്കെ അബദ്ധമായിരിത്തീരുമെന്ന് ഉറപ്പുണ്ടെങ്കില്‍ മിണ്ടാതിരിക്കാന്‍ ശ്രമിക്കുക. ആദ്യമൊന്നും വിജയിക്കണമെന്നില്ലെങ്കിലും കുറേ നാള്‍ പരിശ്രമിക്കുന്നതിലൂടെ കോപം വരുമ്പോള്‍ മിണ്ടാതിരിക്കാനും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാനും നിങ്ങള്‍ പഠിക്കും.

ചിന്തകള്‍ വഴിമാറ്റാം

മനസ്സില്‍ കോപം നിറയുമ്പോള്‍ അതിനിടയാക്കിയ വ്യക്തിയോടുള്ള വൈരാഗ്യവും അത്യുന്നതിയിലെത്തുന്നു. മിക്കപ്പോഴും ഏറ്റവും അടുപ്പമുള്ള വ്യക്തികളോടാണ് ദേഷ്യപ്പെടേണ്ടി വരിക. അപരിചിതരോട് ദേഷ്യം തോന്നുമെങ്കിലും നിലവിട്ടു പെരുമാറുന്ന സന്ദര്‍ഭങ്ങള്‍ കുറവായിരിക്കും. അത്തരത്തില്‍ ഏറ്റവും അടുപ്പമുള്ള വ്യക്തിയോട് ദേഷ്യപ്പെടുമ്പോള്‍ അവര്‍ മുന്‍പ് ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങളും കുറവുകളുമായിരിക്കും നിങ്ങളുടെ മനസ്സിലൂടെ ഓടിക്കളിക്കുന്നത്. മനസ്സില്‍ ഉദ്ദേശിച്ചതും അല്ലാത്തതുമായ കാര്യങ്ങള്‍ ആ ചിന്തകളുടെ ബലത്തില്‍ നിങ്ങള്‍ വിളിച്ചു പറയും. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. അതിനാല്‍ ദേഷ്യം വരുമ്പോള്‍ ചിന്തകളെ മറ്റെവിടേയ്ക്കെങ്കിലും തിരിച്ചു വിടാന്‍ ശ്രമിക്കുക. നിലവിലെ സംഘര്‍ഷഭരിതമായ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേയ്ക്കു വേണം ശ്രദ്ധകേന്ദ്രീകരിക്കാന്‍. തലേദിവസം കണ്ട സിനിമയിലെ നിങ്ങളെ ഏറ്റവും ചിരിപ്പിച്ച സംഭവം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ഒന്നു മുതല്‍ വെറുതേ എണ്ണാന്‍ ശ്രമിക്കുക. അങ്ങനെ ഏതെങ്കിലും തലത്തില്‍ ചിന്തകളെ വഴിതിരിച്ചു വിടാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു. പിന്നീട് മനസ്സ് സ്വസ്ഥമാകുമ്പോള്‍ ദേഷ്യത്തിന് ഇടയാക്കിയ കാര്യങ്ങളേയും കാരണങ്ങളേയും വിശകലനം ചെയ്യാന്‍ ശ്രമിക്കുക. അതിനനുസരിച്ച് മനസ്സിന് ഉചിതമെന്ന് തോന്നുന്ന രീതിയില്‍ തീരുമാനം എടുക്കുകയും പ്രതികരിക്കുകയും ചെയ്യുക.

മറികടക്കാം

ദേഷ്യത്തെ ഇരുട്ടിനോട് ഉപമിക്കാം. ഇരുട്ടിനെ നമുക്ക് ഇല്ലാതാക്കാനാകില്ല. പകരം വെളിച്ചം തെളിച്ച് അവിടെ പ്രകാശഭരിതമാക്കാന്‍ കഴിയും. ഇതുപോലെ തന്നെയാണ് കോപത്തിന്‍റെ കാര്യവും. നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുള്ള വികാരമാണ് ദേഷ്യം. അത് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയില്ല. പകരം അതിനെ നിയന്ത്രിക്കാന്‍ സാധ്യമാണ്.

ദേഷ്യത്തെ പെട്ടെന്നൊരു ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. അതിന് നിരന്തര പരിശ്രമം ആവശ്യമാണ്. ഏതൊക്കെ സാഹചര്യങ്ങളിലാണ് നിങ്ങള്‍ ദേഷ്യത്തിന് അടിമപ്പെടുന്നതെന്ന് കണ്ടെത്താന്‍ ശ്രമിക്കുക. വീണ്ടും അതേ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പെരുമാറ്റം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

ജീവിതത്തില്‍ എല്ലായ്പ്പോഴും എല്ലാ വ്യക്തികളും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറണമെന്നില്ല. ഓരോ വ്യക്തിയേയും അവരായി തന്നെ കാണാന്‍ ശ്രമിക്കുക. ഇത് അനാവശ്യമായ വഴക്കുകള്‍ ഇല്ലാതാക്കും. എന്തു സംഭവിച്ചാലും നിലവിട്ടു പെരുമാറുകയില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.

അപ്രതീക്ഷിതമായുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളെ നേരിടാന് ശീലിക്കുക. ഓരോ തവണയും എന്തുകൊണ്ട് നിങ്ങള്‍ ദേഷ്യപ്പെട്ടു എന്ന് ചിന്തിക്കുക. ഇനി അതുപോലൊരു സന്ദര്‍ഭം ഉണ്ടായാല്‍ പക്വതയോടെ നേരിടും എന്ന് ഉറപ്പിക്കുക. ഇത്തരത്തില്‍ പതിയെ നിങ്ങള്‍ക്ക് കോപത്തിന്‍റെ പിടിയില്‍ നിന്ന് മോചിതനാകാന്‍ കഴിയും.

ഓരോരുത്തരുടേയും ഉള്ളില്‍ വസിക്കുന്ന ശത്രുവാണ് ക്രോധം. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ അതിനു കഴിയും. ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലും എന്നെന്നേക്കുമായി അകറ്റാനുള്ള കരുത്ത് അതിനുണ്ട്. ആ ശത്രുവിനെ പുറത്തേയ്ക്കു വരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനം. ആ ശത്രു നിങ്ങളുടെ ഉള്ളില്‍ തന്നെയിരുന്ന് മരിക്കട്ടെ. അങ്ങനെ വരുമ്പോള്‍ സമാധാനപരവും സന്തോഷകരവുമായ ഒരു ജീവിതം നിങ്ങള്‍ക്ക് കൈവരിക്കാനാകും.

(Our Article published in Aarogyamangalam Magazine- 01 August 2017)

Sandhya Rani .L

Child & Family Counsellor

9388183153

Consolace Counselling Services

Trivandram

www.consolace.comIn the spotlight

Read more Articles