Articles

അപസ്മാരം

by Dr. GURUPRASAD | 17 Sep 2020

അപസ്മാരം അഥവാ എപ്പിലെപ്സി വളരെ സാധാരണയായി കാണപ്പെടുന്ന, തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിലെ നാഡീ കോശങ്ങളിൽ ആകസ്മികമായി ഉണ്ടാകുന്ന വൈദ്യുത തരംഗങ്ങളുടെ ആധിക്യം മൂലം ആണ് അപസ്മാരം ഉണ്ടാകുന്നത്.

ലോകമെമ്പാടും 70 ദശലക്ഷം ആളുകൾക്ക് അപസ്മാരം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ ആറിൽ ഒരാൾ ഇന്ത്യയിലാണ്. 70% അപസ്മാരം കുട്ടികളിലും, ചെറുപ്പക്കാരിലുമാണ് കാണപ്പെടുന്നത്. 30 ശതമാനം അപസ്മാര രോഗികൾ 50 വയസ്സിനുമുകളിൽ പ്രായമുള്ളവരാണ്.

രണ്ടോ അതിലധികമോ പ്രകോപനപരമല്ലാതെ ഉണ്ടാവുന്ന സീഷർ അഥവാ ഫിറ്റ്സിനെയാണ് എപ്പിലെപ്സി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുന്നത്.

ലക്ഷണങ്ങൾ 

അപസ്മാര രോഗത്തിന് പ്രധാന ലക്ഷണം സന്നി (Epileptic Seizure) ആണ്. രോഗിയിൽ പെട്ടെന്നുണ്ടാവുന്ന സ്വഭാവമാറ്റം, കണ്ണിലെ കൃഷ്ണമണി മാഞ്ഞു പോവുക, വായിൽ നിന്നും നുരയും പതയും വരിക, നാക്ക് കടിക്കുക, കൈകാലുകൾ അനിയന്ത്രിതമായി ചലിപ്പിക്കുക, വിറയൽ, അറിയാതെയുള്ള മലമൂത്രവിസർജനം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. മിക്കപ്പോഴും ഇവർ പൊടുന്നനെ ബോധരഹിതരാവാറുണ്ട്. ഏതാനും മിനിറ്റുകൾക്കകം ബോധം വീണ്ടെടുക്കുകയും ചെയ്യും. മസ്തിഷ്കത്തെ മൊത്തമായി ബാധിക്കുന്ന ജനറലൈസ്ഡ് എവിലെപ്സിയിലാണ് ഈ ലക്ഷണങ്ങൾ കാണുന്നത്.

ഇതുകൂടാതെ മസ്തിഷ്കത്തെ ഭാഗികമായി ബാധിക്കുന്നതാണ് ഫോക്കൽ എപിലെപ്സി. പെട്ടെന്ന് ഒരു വശത്തേക്ക് തുറിച്ചുനോക്കുക, ചവയ്ക്കുക, മുഖത്ത് ഒരു വശത്ത് ഉണ്ടാവുന്ന വിറയൽ എന്നിവയാണ് ഇതിലെ ലക്ഷണങ്ങൾ. ഇത് കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ജനറലൈസ്ഡ് എവിലെപ്സിയുടെ സ്വഭാവം കാണിക്കുന്നതാണ്.

കാരണങ്ങൾ

അപസ്മാരരോഗം ജനിതക കാരണങ്ങൾ കൊണ്ട് ഉണ്ടാവാം. തലച്ചോറിൽ ഉണ്ടാകുന്ന അണുബാധ, സ്ട്രോക്ക്, തലയ്ക്ക് ഉണ്ടാകുന്ന പരിക്കുകൾ തലച്ചോറിലെ ട്യൂമറുകൾ, ആൽക്കഹോൾ വിത്ത് ഡ്രോയൽ സീഷർ, മെഡിസിനുകൾ പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകുന്ന സീഷർ തുടങ്ങിയവ മറ്റു കാരണങ്ങളാണ്.

ശരീരത്തിൽ ചില ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മൂലം ഫിറ്റ്സ് അഥവാ സീഷർ വരാറുണ്ട്. ഉദാഹരണത്തിന് രക്തത്തിലെ ഷുഗർ കുറഞ്ഞു പോവുക, സോഡിയം, കാൽസ്യം തുടങ്ങിയവ കുറയുമ്പോഴും ഫിറ്റ്സ് വരാറുണ്ട്. കുട്ടികളിൽ പനിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ഫിറ്റ്സ് പനി കുറയുമ്പോൾ നിയന്ത്രിക്കാവുന്നതാണ്. ഭൂരിഭാഗം കുട്ടികളിലും 5 - 6 വയസ്സ് ആകുമ്പോൾ പനിയുമായി ബന്ധപ്പെട്ടിട്ടുള്ള ഫിറ്റ്സ് പൂർണമായും മാറാറുണ്ട്.

രോഗനിർണയം 

രോഗിയുടെ രോഗലക്ഷണങ്ങൾ ആസ്പദമാക്കിയുള്ള വിശദമായ ചരിത്രം, രോഗലക്ഷണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന വ്യക്തമായ വിവരങ്ങൾ, രോഗലക്ഷണങ്ങൾ ഉണ്ടാവുമ്പോൾ എടുക്കുന്ന വീഡിയോ, എന്നിവയിൽനിന്ന് ഡോക്ടർക്ക് ഒരു ക്ലിനിക്കൽ ഡയഗ്നോസിസിൽ എത്തുവാൻ സാധിക്കും. 

ഇൻവെസ്റ്റിഗേഷൻ പ്രധാനമായും EEG യും തലയുടെ സ്കാനിങ്ങും ആണ്. EEG മുഖേന തലയ്ക്കു ചുറ്റും ഇലക്ട്രോഡുകൾ ഘടിപ്പിച്ച്, നാഡീ കോശങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി തരംഗങ്ങളാണ് പഠനവിധേയമാക്കുന്നത്. 

എല്ലാ EEG യിലും വൈദ്യുത തരംഗങ്ങളുടെ അബ്നോർമാലിറ്റി കണ്ടെത്താൻ സാധിക്കണമെന്നില്ല. 50 ശതമാനത്തിൽ കൂടുതൽ രോഗികളിലും EEG നോർമലായി കാണാറുണ്ട്. സി.ടി സ്കാൻ എം.ആർ.ഐ സ്കാൻ എന്നിവയിലൂടെ മസ്തിഷ്കത്തിലെ ഘടനയിൽ ഉണ്ടാകുന്ന തകരാറുകൾ കണ്ടുപിടിക്കാൻ സാധിക്കും. എമർജൻസി സാഹചര്യങ്ങളിൽ സി.ടി സ്കാൻ ചെയ്യേണ്ടതായി വരും. 

ചികിത്സ 

അപസ്മാരം പൂർണ്ണമായി ഭേദമാക്കുവാൻ സാധിക്കുന്ന ചികിത്സ ഇപ്പോൾ നിലവിലില്ല. എന്നാൽ മരുന്നുകൾ കൊണ്ട് 70% എപ്പിലെപ്സി നിയന്ത്രണത്തിലാക്കാൻ സാധ്യമാണ്. സാധാരണ എപ്പിലെപ്സി ഒന്നോ രണ്ടോ മരുന്നുകൾകൊണ്ട് നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ ചില രോഗികളിൽ രണ്ടിലധികം മരുന്നുകൾ ആവശ്യമായി വരാറുണ്ട്. ഇങ്ങനെയുള്ള രോഗികളിൽ ശസ്ത്രക്രിയ ഫലപ്രദമായേക്കാം. ചില പ്രത്യേക കേസുകളിൽ വാഗൽ നേർവ് സ്റ്റിമുലേഷൻ, കീറ്റോജെനിക് ഡയറ്റ് തുടങ്ങിയവ കൊടുക്കാറുണ്ട്. സാധാരണ ഗതിയിൽ രണ്ടു വർഷത്തേക്കുള്ള തുടർച്ചയായ ചികിത്സയിലൂടെ അപസ്മാരം വരാതിരുന്നാൽ, തുടർന്നുള്ള EEG റിപ്പോർട്ട് നോർമൽ ആണെങ്കിൽ, ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകളുടെ ഡോസ് കുറച്ച്, ക്രമേണ നിർത്താവുന്നതാണ്. പക്ഷേ വീണ്ടും ഫിറ്റ്സ് വരികയാണെങ്കിൽ മരുന്ന് പുനരാരംഭിച്ച് തുടർച്ചയായി രണ്ടുവർഷം കഴിക്കേണ്ടിവരും

 എപ്പിലെപ്സി ഫസ്റ്റ് എയ്ഡ് 

 എന്തൊക്കെ ചെയ്യാം (Do's) 

ഫിറ്റ്സ് ഉണ്ടാകുന്ന രോഗിയുടെ ചുറ്റുമുള്ള അപകടകരമായ വസ്തുക്കൾ, കസേര തുടങ്ങിയവ മാറ്റിവയ്ക്കുക. തീ, വെള്ളം തുടങ്ങിയ അപകടകരമായ പരിസരത്താണ് രോഗി വീണതെങ്കിൽ രോഗിയെ ഉടനെത്തന്നെ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുക. 

ഫിറ്റ്സ് കഴിയുന്നതുവരെ ഒരാൾ രോഗിയുടെ കൂടെ തന്നെ ഉണ്ടാവുക. 

ഇറുകി കിടക്കുന്ന വസ്ത്രങ്ങൾ അയച്ചിടുക.

മൃദുലമായ വസ്തുക്കൾ തലയണയായി ഉപയോഗിക്കുക. 

വായിൽ കെട്ടിക്കിടക്കുന്ന ഉമിനീർ ശ്വാസകോശത്തിലേക്ക് ഇറങ്ങി ന്യുമോണിയ ഉണ്ടാകുന്നത് തടയുവാൻ രോഗിയെ ഇടതുവശത്തേക്ക് ചരിച്ചു കിടത്തുക.

ഫിറ്റ്സ് എത്ര സമയം നീണ്ടു നിൽക്കുന്നു എന്ന് നിർണ്ണയിക്കുക. സാധാരണഗതിയിൽ ഫിറ്റ്സ് 5 മിനിട്ടിൽ കൂടുതൽ നീണ്ടു നിൽക്കാറില്ല. അഞ്ചു മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടുക. 

ചെയ്യാൻ പാടില്ലാത്തത് (Don'ts)

ശരിയായ വായുസഞ്ചാരം ലഭിക്കേണ്ടതിനാൽ, ആളുകൾ രോഗിക്കു ചുറ്റും കൂട്ടംകൂടി നിൽക്കുവാൻ പാടില്ല.

വായിൽ ഒന്നും തിരുകി വയ്ക്കാൻ ശ്രമിക്കരുത്.

രോഗിയുടെ കയ്യിൽ താക്കോൽക്കൂട്ടം, മൂർച്ച ഉള്ള സാധനങ്ങൾ, കത്തി തുടങ്ങിയ കൊടുക്കരുത്. ഇതുമൂലം രോഗിയുടെ കണ്ണിനോ മറ്റ് ശരീരഭാഗങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ട്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അപസ്മാരമുള്ളയാളെ സാമൂഹിക ജീവിതത്തിൽ നിന്ന് മാറ്റി നിർത്തേണ്ടതില്ല. എന്നാൽ അപസ്മാരമുള്ളവർ ജീവിതത്തിൽ ചില ചിട്ടകൾ പാലിക്കേണ്ടതാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുക. എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക, സമയത്ത് ഭക്ഷണം കഴിക്കുക, വയറിന് അസ്വസ്ഥത ഉണ്ടാകാത്ത ഭക്ഷണം കഴിയ്ക്കുക, എന്നിവ പ്രധാനമാണ് അപസ്മാരം കൺട്രോൾ ചെയ്യാതെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കുക, ഉയരമുള്ള സ്ഥലങ്ങളിൽ കയറി ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക, തീ, വെള്ളം തുടങ്ങിയവയിൽ നിന്ന് അകലം പാലിക്കുക.

പർപ്പിൾ ഡേ

എപ്പിലെപ്സി ബോധവൽക്കരണത്തിന്റെ ഭാഗമായി എല്ലാ വർഷവും മാർച്ച് 26 പർപ്പിൾ ഡേ ആചരിക്കുന്നു. 2008 ൽ കാസിഡി മേഖൻ എന്ന ഒമ്പതുവയസ്സുകാരി സമൂഹത്തിൽ താനനുഭവിച്ച ഒറ്റപ്പെടലുകളുടെയും, യാതനകളുടെയും പ്രചോദനമുൾക്കൊണ്ട്, സമൂഹത്തിൽ നില നിൽക്കുന്ന മിഥ്യാധാരണകൾ മാറുന്നതിനു വേണ്ടിയാണ് പർപ്പിൾ ഡേ ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.In the spotlight

Read more Articles